സനല്‍ കൊലപാതകക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഒളിവില്‍പോയത് സര്‍വീസ് റിവോള്‍വറുമായി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ഒളിവില്‍പോയത് തന്റെ സര്‍വീസ് റിവോള്‍വറുമായെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരും കൈയ്യൊഴിഞ്ഞതോടെ തന്റെ സര്‍വീസ് റിവോള്‍വറും എടുത്ത് ഹരികുമാര്‍ മധുരയിലേക്ക് കടന്നതായാണ് വിവരം. സര്‍വീസ് റിവോള്‍വറുമായി കൊലക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇക്കാര്യം മാദ്ധ്യമങ്ങള്‍ അറിയരുതെന്ന് ഹരികുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തെക്കുറിച്ച് അറിയാന്‍ സംഭവദിവസം മെഡിക്കല്‍ കോളേജ് എസ്.ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നല്‍കാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസില്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala