മകളുടെ മരണത്തിന് കാരണക്കാർക്കെതിരെ പോരാടാൻ ഇനി അച്ഛനില്ല  

മസ്ക്കറ്റ്: മകൾക്ക് വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി പോരാടിക്കൊണ്ടിരുന്നു ആ അച്ഛൻ ഇനി ഇല്ല. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച  വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്‍റെ പിതാവ്  കെ എ അബൂട്ടി  മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറഴ്ച രാത്രി  ആശുപത്രിയിൽ സുഹൃത്തുക്കൾ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മസ്കറ്റിൽ വെച്ചാണ് കണ്ണൂർ  മട്ടന്നൂര്‍ ശിവപുരം സ്വദേശിയായ അബൂട്ടി മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്ക്കറ്റില്‍ എത്തിയത്.

അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്. 2016 ജൂലൈ  18ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംന ചികിത്സാ പിഴവ് മൂലം മരണപ്പെട്ടിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ഷംനയുടെ മരണം മരുന്ന് മാറി നല്‍കിയതിനെ തുടർന്നായിരുന്നു.


ഇതിനു കാരണക്കാരെ നിയമത്തിനു  മുന്നില്‍ എത്തിക്കണമെന്ന ആവശ്യവുമായി അബൂട്ടി നിയമ പോരാട്ടമായിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ കോടതിയിലും മനുഷ്യാവകാശ കമ്മീഷനേയും അടക്കം സമീപിച്ച് നിയമപോരാട്ടം തുടരുകയായിരുന്നു അബൂട്ടി. എന്നാല്‍ നിയമ പോരാട്ടം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥയാണ് അബൂട്ടിക്കുണ്ടായത്.

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala