നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ഒരിക്കലും മാരത്തോണ്‍ ഓടില്ല

ഞെട്ടിയോ? ഒരു ചെറിയ സംഭവ കഥ പറയാം . 121 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോസ്റ്റണില്‍ ആരംഭിച്ച് തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടത്തി വരുന്ന ഒരു മാരത്തോണ്‍ ഓട്ടമത്സരമാണ് ബോസ്റ്റണ്‍ മാരത്തോണ്‍. ലോകത്തിലേറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നടത്തിവരുന്ന മാരത്തോണ്‍ മത്സരവും ഇത് തന്നെ . 26 മൈല്‍ ആണ് റേസിന്റെ ദൂരം . 1897ല്‍ ആരംഭിച്ച ഈ മാരത്തോണില്‍ ആദ്യമായി ഒരു വനിത പങ്കെടുക്കുന്നത് 1967ല്‍ ആണ് . എന്ത് കൊണ്ട് വനിതകള്‍ അതുവരെ ഈ ഓട്ടമത്സരത്തില്‍ പങ്കെടുത്തില്ല അല്ലെങ്കില്‍ പങ്കെടുപ്പിച്ചില്ല എന്ന് അന്നത്തെ കാലത്ത് ആരും ഒരു പക്ഷെ ചോദിയ്ക്കാന്‍ മിനക്കെട്ട് കാണില്ല , കാരണം പുരുഷന്മാരെ പോലെ 26 മൈല്‍ ഓടുക എന്നത് സ്ത്രീകളാല്‍ അപ്രാപ്യമായ ഒരു കാര്യം ആണെന്നത് അന്നത്തെ പൊതുബോധം ആയിരുന്നു. സ്ത്രീകളുടെ ശരീരത്തിന് ഈ റേസിന്റെ സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്തില്ല എന്നതില്‍ അന്ന് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല .

ഇവിടെയാണ് നമ്മുടെ നായിക കാതറിന്‍ സ്വിട്‌സര്‍ രംഗപ്രവേശനം ചെയ്യുന്നത് . മാരത്തോണില്‍ പങ്കെടുക്കാനുള്ള ആഗ്രഹം അവര്‍ തന്റെ റണ്ണിങ് കോച്ചിനോട് വെളിപ്പെടുത്തി . പക്ഷെ കോച്ച് ആദ്യം അത് ചിരിച്ചു തള്ളുകയാണ് ചെയ്തത് . കാരണം സ്ത്രീകളാല്‍ കഴിയുന്ന ഒരു പരിപാടിയല്ല അതെന്നാണ് അദ്ദേഹവും വിശ്വസിച്ചിരുന്നത് . പക്ഷെ കാതറിനിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവരെ പരിശീലിപ്പിക്കാന്‍ സമ്മതിച്ചു . അങ്ങനെ 26 മൈല്‍ ഓട്ടം തനിക്ക് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അവര്‍ പരിശീലനത്തിലൂടെ തെളിയിച്ചു കാണിച്ചു . ഒരിക്കല്‍ പരിശീലനത്തിനിടയില്‍ 26 മൈല്‍ തന്റെ ഒപ്പം ഓടിയ കോച്ചിനോട് ഒരു നാല് മൈല്‍ കൂടി ഓടിനോക്കാം എന്ന് പറഞ്ഞു ഓടിയതും , കോച്ച് അതിനു മുന്‍പ് തന്നെ നാക്ക് തള്ളി ബോധം കെട്ട് വീണതും വേറെ കഥ!

അങ്ങനെ 1967 ല്‍ കെ.വി സ്വിട്‌സര്‍ എന്ന പേരില്‍ അവര്‍ ബോസ്റ്റണ്‍ മരത്തോണില്‍ പേര് രജിസ്റ്റര്‍ ചെയ്തു . ചെസ്റ്റ് നമ്പര്‍ 261 അണിഞ്ഞ് അവര്‍ തന്റെ റണ്ണിങ് കോച്ചിനും ബോയ് ഫ്രണ്ടിനുമൊപ്പം റേസ് ആരംഭിച്ചു . പക്ഷെ പതിവിന് വിപരീതമായി ഒരു സ്ത്രീ റേസില്‍ പങ്കെടുക്കുന്നത് സംഘാടകരുടെ കണ്ണില്‍പ്പെടുന്നത് അപ്പോഴാണ്  കലിപൂണ്ട ഒരു റേസ് ഒഫീഷ്യല്‍ ആക്രോശിച്ചു കൊണ്ട് അവര്‍ക്കു പിന്നാലെ പാഞ്ഞടുക്കുകയും അവരെ തള്ളി വെളിയില്‍ കളയാന്‍ ശ്രമിക്കുകയും ചെയ്തു  പക്ഷെ ഫുട്ബാള്‍ പ്ലെയറും ഘടാഘടിയനുമായ സ്വിട്‌സറിന്റെ ബോയ്ഫ്രണ്ട് അയാളെ എടുത്ത് അടുത്ത കണ്ടത്തില്‍ എറിഞ്ഞു കളഞ്ഞു . സ്വിട്‌സര്‍ വിജയകരമായി തന്നെ തന്റെ റേസ് പൂര്‍ത്തിയാക്കുകയും ചെയ്തു . പക്ഷെ സംഭവം വിവാദമായി . അതില്‍ അത്ലറ്റിക് അസോസിയേഷന്‍ ഡിറക്ടറുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു ‘സ്ത്രീകള്‍ മാരത്തോണ്‍ ഓടരുത് എന്നത് നിയമമാണ് , അതിനി എന്റെ മകള്‍ ആയാലും ശരി , നിയമം ലംഘിച്ചാല്‍ അവളെ ഞാന്‍ അടിച്ചു പുറത്താക്കും! ‘ കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ മാരത്തോണ്‍ ഓടില്ല എന്നൊരു ധ്വനി അതിലില്ലേ എന്ന് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നിയേക്കാം .

പിന്നീട് സ്വിട്‌സര്‍ ഉള്‍പ്പടെയുള്ളവരുടെ നിരന്തര പ്രയത്‌ന ഫലമായി 1972 ല്‍ ഔദ്യോഗികമായി വനിതകള്‍ക്ക് റേസില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചു. അവരുടെ വിജയം പിന്നീട് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാനുള്ള വാതില്‍തുറന്നു കൊടുത്തു . ആദ്യത്തെ റേസില്‍, തന്നെത്തള്ളിപ്പുറത്താക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചു സ്വിട്‌സര്‍ പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ് . ‘ ആ റേസ് ഒഫീഷ്യല്‍ അയാളുടെ ശരിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത് . അയാളുടെ പെരുമാറ്റവും മനോഭാവവും ആ കാലഘട്ടത്തിലെ പൊതുബോധത്തിന്റെ ഉത്പന്നം മാത്രമാണ് ‘. ചില കാര്യങ്ങള്‍ അങ്ങനെയാണ്.. ഒരു കാലഘട്ടത്തിന്റെ ശരി, ചില വിപ്ലവകരമായ ചുവടുവയ്പുകളിലൂടെ പിന്നീട് ഒരു തെറ്റായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നു .

Source : Anweshanam | The Latest News From India
read more

Categories: AllKerala