കേരളത്തില്‍ മുപ്പത് വിദ്യാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പ്ലാൻ ഇന്ത്യ

നവകേരള നിര്‍മിതിയില്‍ അനുകരിക്കാവുന്ന മാതൃകയുമായി പ്ലാന്‍ ഇന്ത്യ എന്ന ദേശീയ സന്നദ്ധ സംഘടന. വെള്ളപ്പൊക്കദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ബൃഹദ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്ലാന്‍ ഇന്ത്യ. സെന്‍റര്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസുമായി ചേര്‍ന്നാണ് പ്ലാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് പ്ലാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ദുരന്തം ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് കരകയറാന്‍ കുട്ടികളെ സജ്ജരാക്കുക എന്നതാണ് പ്ലാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, കേരളത്തിലെ വിവിധയിടങ്ങളില്‍ മുപ്പത് വിദ്യാലയങ്ങളുടെ പുനര്‍നിര്‍മാണം പ്ലാന്‍ ഇന്ത്യ ഏറ്റെടുക്കുന്നു. ജില്ലാ ഭരണകൂടങ്ങളുടെയും പഞ്ചായത്ത് ഭരണസമിതികളുടെയും സഹകരണത്തോടെയാണ് പ്ലാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനം. 

എഴുപത് ലക്ഷം കുട്ടികളാണ് വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിക്കുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി നടത്തിയ വിലയിരുത്തലുകളുടെ  അടിസ്ഥാനത്തില്‍ , ദുരന്തമുഖത്ത് ഏറ്റവും ദുര്‍ബലരാകുന്നത് സ്ത്രീകളും കുട്ടികളുമാണ് എന്ന് വ്യക്തമാകുന്നു. അടിയന്തരസാഹചര്യങ്ങളില്‍  പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് പരമപ്രധാനമാണെന്ന് പ്ലാന്‍ ഇന്ത്യ വിലയിരുത്തുന്നു. 

ഓഗസ്റ്റ് 18 മുതലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ 13,876 കുടുംബങ്ങളിലേക്ക് പ്ലാന്‍ ഇന്ത്യയുടെ സഹായമെത്തി. ഇതില്‍ 8500 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. 1,450 കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങളും പാത്രങ്ങളും നല്‍കി. 3,926 കുട്ടികള്‍ക്ക് പഠനസാമഗ്രികളും പ്ലാന്‍ ഇന്ത്യ വിതരണം  ചെയ്തു. 34,550 വെള്ളപ്പൊക്ക ബാധിത കുടുംബങ്ങളിലേക്ക് റേഷന്‍ കിറ്റുകളും വീട്ടുസാമഗ്രികളും പഠനോപപകരണങ്ങളും എത്തിക്കാനാണ് പ്ലാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. 

“നാല് പതിറ്റാണ്ടായി രാജ്യത്ത് വിവിധയിടങ്ങളില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണ് പ്ലാന്‍ ഇന്ത്യ. ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്,ജമ്മു കശ്മീര്‍, തമിഴ് നാട് അടക്കുമുള്ള സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്ലാന്‍ ഇന്ത്യ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍ കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ കര്‍മ്മസേനയെ വിന്യസിച്ചിട്ടുണ്ട്. സിസിഡിഎസുമായി ചേര്‍ന്ന് വിദ്യാലയങ്ങളുടെ പുനര്‍നിര്‍മാണമാണ് അടുത്ത പദ്ധതി. കുഞ്ഞുങ്ങള്‍ക്ക് പഠനത്തിന് ഉതകുന്ന പ്രസാദാത്മകമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കുന്ന വിധത്തിലാകും പുനര്‍നിര്‍മാണം.” പദ്ധതി നിര്‍വഹണത്തിന്‍റെ ചുമതലയുള്ള പ്ലാന്‍ ഇന്ത്യ ഡയറക്ടര്‍, മുഹമ്മദ് ആസിഫ് വ്യക്തമാക്കുന്നു. 

കഴിഞ്ഞ നാല്‍പത് വര്‍ഷമായി , കുട്ടികള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും  പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്ത്യ വിദ്യാഭ്യാസപുരോഗതി, ആരോഗ്യസംരക്ഷണം, പരിസ്ഥിതിസംരക്ഷണം , ജീവനോപാധി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. 24 സംസ്ഥാനങ്ങളിലെ 5,400 ജനസമൂഹങ്ങള്‍ക്കിടയില്‍ പ്ലാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നു. രാജ്യത്താകമാനം പത്ത് ലക്ഷം കുട്ടികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ പ്ലാന്‍ ഇന്ത്യയ്ക്കായി. 

പ്ലാന്‍ ഇന്ത്യ 

ബാലാവകാശം, സ്ത്രീസമത്വം എന്നീ പ്രഖ്യാപിതലക്ഷ്യങ്ങളുമായി, ദേശീയതലത്തില്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് പ്ലാന്‍ ഇന്ത്യ . 1979 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ഇന്ത്യ എഴുപത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന   പ്ലാന്‍ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ എന്ന സംഘടനയുടെ ഭാഗമാണ്.

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala