അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇരുപത് കോടിയോളം വില വരുന്ന ഇരുതലമൂരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍: ബ്ലാക്ക് സാന്റ് ബോയെ ഉപയോഗിക്കുന്നത് ആഭിചാര ക്രിയയ്ക്ക് 

കൊച്ചി: ഇരുപത് കോടിയോളം രൂപ വിലമതിക്കുന്ന ‘ബ്ലാക്ക് സാന്റ് ബോ’ എന്നറിയപ്പെടുന്ന ഇരുതലമൂരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കൊച്ചി സിറ്റി ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ്(40), കടവന്ത്ര സ്വദേശി രാജേഷ് മേനോന്‍ (33), കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ കിഷോര്‍(36) എന്നിവരെയാണ് ഇളമക്കര സ്റ്റേഷന്‍ പരിധിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വൈല്‍ഡ്ലൈഫ് പ്രെട്ടക്ഷന്‍ ആക്ട് 1972 പ്രകാരം ഷെഡ്യൂല്‍ഡ് 4 ഇനത്തില്‍ ചേര്‍ക്കപ്പെട്ട ആറ് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയെയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഈ ഗണത്തില്‍ പെടുന്ന ജീവികളെ അന്യായമായി കൈവശം സൂക്ഷിച്ചാല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നും വന്‍ തുക കൊടുത്താണ് ഇരുതലമൂരിയെ വാങ്ങിയത് പ്രതികള്‍ പറഞ്ഞു.

ചൈന, മലേഷ്യ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ മൃഗകള്ളക്കടുത്ത് മാര്‍ക്കറ്റില്‍ കോടികള്‍ മോഹവില പറയുന്ന ഇരുതലമൂരികളെ, പ്രധാനമായും ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വന്‍കിട പ്രോജക്റ്റുകളുടേയും മറ്റും ശിലാസ്ഥാപന കര്‍മ്മത്തില്‍ ഇത്തരം ഇരുതലമൂരികളെ ബലി നല്‍കിയാല്‍ ഐശ്വര്യം കുമിഞ്ഞ് കൂടുമെന്ന മിഥ്യ ധാരണയില്‍ ആണ് ഇവയ്ക്ക് അന്താരാഷ് മാര്‍ക്കറ്റില്‍ കോടികള്‍ വില വരുവാന്‍ കാരണം. ഇന്ത്യയില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഇത്തരം അന്തവിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ട്.

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇടപാടുകാര്‍ എന്ന വ്യാജേന്ന സംഘത്തെ സമീപിച്ച ഷാഡോസംഘം പത്ത് കോടി രൂപ വിലയിട്ട് നടത്തിയ കച്ചവടത്തില്‍ ആണ് ഇവരെ പിടിയിലാക്കാനായത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കഴിഞ്ഞയാഴ്ച്ച പ്രതികള്‍ താമസിച്ച നഷത്ര ഹോട്ടലില്‍ ചെന്ന് ടോക്കണ്‍ നല്‍കി ഇടപാട് ഉറപ്പിക്കുകയും, ശേഷം പണം കൈമാറാന്‍ എന്ന രീതിയില്‍ തന്ത്രപരമായി പ്രതികളെ സാധനവുമായി പിടികൂടുകയായിരുന്നു. ഷാഡോ എസ്ഐ എ.ബി വിപിന്‍, എളമക്കര എസ്ഐ പ്രജീഷ് ശശി, സിപിഒ മാരായ അഫ്സല്‍, ഹരിമോന്‍, ഉസ്മാന്‍ ,സനോജ്, ഷാജിമോന്‍,രജ്ഞിത്ത്, സുനില്‍, പ്രശാന്ത്, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ വനം വകുപ്പിന്റെ കോടനാട് റെയ്ജ് ഓഫീസര്‍ക്ക് കൈമാറുമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ: ജെ ഹിമേന്ദ്രനാഥ് പറഞ്ഞു.

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala